യേസ്, ഐ ക്യാന്‍...
ഉള്ളവരിലേക്കു നോക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നാം കുറവുകളായിരിക്കും കാണുക. എന്നാല്‍ ഇല്ലാത്തവരിലേക്കു നോക്കുമ്പോഴാകട്ടെ. ദൈവം എത്രയധികം അനുഗ്രഹങ്ങളാണ് നമുക്ക് നല്‍കിയിരിക്കുന്നതെന്ന് നാം ഒരു നിമിഷം ചിന്തിച്ചു പോകും.
ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ ജനിച്ച നിക്കോളാസ് വൂയ്ചീക്കിന്റെ ജീവിതം ഇന്ന് ലോകത്ത് അനേകലക്ഷമാളുകള്‍ക്ക് പ്രചോദനമേകുന്നത് കോടികളുടെ സമ്പത്തും പദവിയും കൊണ്ടല്ല, മറിച്ച് തന്റെ കുറവുകളെ ഉയര്‍ച്ചകളാക്കി മാറ്റിയതിലൂടെയാണ്.
1982ലായിരുന്നു നിക്ക് എന്നു വിളിക്കുന്ന നിക്കോളാസിന്റെ ജനനം. ഏതൊരു മാതാപിതാക്കളും തങ്ങളുടെ കടിഞ്ഞൂല്‍കണ്‍മണിക്കായി ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം പക്ഷെ നിക്കിന്റെ മാതാപിതാക്കള്‍ക്കു സമ്മാനിച്ചത് അപ്രതീക്ഷിത ആഘാതമായിരുന്നു. കാരണം, അവരുടെ കുഞ്ഞു പിറന്നുവീണത് രണ്ടു കൈകളും രണ്ടു കാലുകളുമില്ലാതെ. ഇരുകൈളുടെയും ഇരുകാലുകളുടെയും സ്ഥാനത്ത് മുറിഞ്ഞുപോയപോലുള്ള കാഴ്ച.
