Thursday, 27 October 2011

പൊതുപ്രവര്‍ത്തന രംഗത്തെ വസന്തം : ഡോ. ഹുസൈന്‍ മടവൂര്‍


പൊതുപ്രവര്‍ത്തന രംഗത്തെ വസന്തം
: ഡോ. ഹുസൈന്‍ മടവൂര്‍


 വസന്തം എന്നാണ് ഡോ. ഹുസൈന്‍ മടവൂരിന്റെ വീടിനു പേര്. വിദ്യയു ടെയും സേവനത്തിന്റെയും പ്രബോധനത്തിന്റെയും ലോകത്ത് ഹുസൈന്‍ മടവൂരിന്റെ സാന്നിധ്യം ഒരു വസന്തമാണ്. മത സംഘടനയുടെ തലപ്പത്തും സന്നദ്ധ-സാമൂഹിക കൂട്ടായ്മകളിലും ഒരേ സമയം പ്രസന്നസാന്നി ധ്യമാണ് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മത നേതാക്കളെ 'ആത്മീയ നേതാക്കള്‍ എന്ന രീതിയില്‍ പരിചയ പ്പെടുത്തുന്നത് ശരിയല്ലെന്ന് ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കുന്നു. മതനേതാക്കളുടെ വാക്കുകള്‍ക്ക് ഉപദേശകന്റെയും പ്രബോധ കന്റെയും സ്വരമാണുള്ളത്. അതിനു ദിവ്യത്വം കല്‍പിക്കുന്നത് ഷിയാക്കളുടെ രീതിയാണ്. 


കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫ്‌സലുല്‍ ഉലമാ പരീക്ഷയിലെ ആദ്യ റാങ്ക് ജേതാവാണ് ഹുസൈന്‍ മടവൂര്‍. മക്ക ഉമ്മുല്‍ ഖുറാ സര്‍വകലാശാലയില്‍ അഞ്ചു വര്‍ഷത്തെ ഉന്നത പഠനം പൂര്‍ത്തി യാക്കിയ ഇദ്ദേഹം മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ ഇന്ത്യന്‍ പണ്ഡിത സാന്നിധ്യവും സേവനവും സംബന്ധിച്ച ഗവേഷണ ത്തിനാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയത്. മക്കയിലും മദീനയിലും സേവനം ചെയ്യുന്ന 31 ഇന്ത്യന്‍ പണ്ഡിതരുടെ ചരിത്രമാണ് ഈ ഗവേഷണത്തില്‍ അനാവരണം ചെയ്യുന്നത്. 

കേരളം പിറന്ന 1956 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് ജനനം.  1972ല്‍ വയസ്സില്‍ മുജാഹിദ് വിദ്യാര്‍ഥി സംഘടനാ (എം.എസ്.എം.) പ്രവര്‍ത്തകനായ ഇദ്ദേഹം പതിനെട്ടാം വയസ്സില്‍ എം.എസ്.എം. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. 1977ല്‍ സംസ്ഥാന സെക്രട്ടറിയുമായി. മുജാഹിദ് യുവജന സംഘടനയായ ഐഎസ്എം സംസ്ഥാന പ്രസിഡന്റായി 1985ല്‍ തിരഞ്ഞെടുക്കപ്പെട്ടു; ഒരു വ്യാഴവട്ടക്കാലം ഈ സ്ഥാനത്തു തുടര്‍ന്നു. മുജാഹിദ് ഉന്നത സംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായത് മുപ്പത്തിരണ്ടാം വയസ്സില്‍ (1988). 1997ല്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയായി. ഇതേവര്‍ഷം തന്നെ മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറിയായി. 2002ല്‍ മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് നദ്‌വത്തുല്‍ മുജാഹിദീന്‍ (മടവൂര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയായി. ഇന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ച നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും ബുദ്ധികേന്ദ്രവുമാണ് ഡോ. ഹുസൈന്‍ മടവൂര്‍. 

വേലിക്കെട്ടുകളില്ലാതെ    

മത നേതാക്കള്‍ പലപ്പോഴും സ്വന്തം സമുദായത്തിനകത്തെ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുകയാണ് പതിവ്. ഹുസൈന്‍ മടവൂരിന്റെ പ്രവര്‍ത്തനരീതി ഇതിന്നപവാദമാണ്. സ്വന്തം മതത്തിനകത്തെ സജീവ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മതങ്ങള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കാനുള്ള കൂട്ടായ്മകളിലും മതവിഭാഗീയതകളില്ലാത്ത സാമൂഹിക സംരംഭങ്ങളിലും അദ്ദേഹം സജീവമാണ്. ജീവകാരുണ്യ രംഗത്തെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം സംഘടനകളെ പ്രാപ്തമാക്കുകയും ചെയ്തു. 

സ്വാമി അഗ്നിവേഷ് അധ്യക്ഷനായി 2003ല്‍ സ്ഥാപിതമായ ഓള്‍ ഇന്ത്യ ഇന്റര്‍ഫെയ്ത്ത് കൗണ്‍സിലിന്റെ സ്ഥാപകാംഗമാണ് ഡോ. ഹുസൈന്‍ മടവൂര്‍. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ രക്ഷാധികാരിയാണ്. 1991-96ല്‍ സാക്ഷരതാ യജ്ഞത്തില്‍ സജീവ പങ്കാളിയായി. സംസ്ഥാന സാക്ഷരതാ സമിതി അംഗവുമായിരുന്നു. 

അനാഥ വിദ്യാര്‍ഥികളെ മുദ്രകുത്തി അനാഥാലയങ്ങളിലെത്തിക്കുന്നതിനു പകരം, സ്വന്തം അമ്മമാര്‍ക്കൊപ്പം വീടുകളില്‍ തന്നെ നിര്‍ത്തി സംരക്ഷിക്കുന്ന 'ദയ എന്ന സന്നദ്ധ സംഘടനയുടെ ചെയര്‍മാന്‍ ആണ്. മുജാഹിദ് സംഘടനയ്ക്കു കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാന്‍ ആണ്. പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കുന്നതിനൊപ്പം വീടുകള്‍ കേന്ദ്രീകരിച്ചു വോളന്റിയര്‍മാരുടെ സേവനവും ഉറപ്പുവരുത്തുന്നുണ്ട്. 

മുജാഹിദ് യുവജന സംഘടനയായ ഐഎസ്എമ്മിനു കീഴില്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ സ്ഥാപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐഎസ്എം കേന്ദ്രമായ കോഴിക്കോട് ദഅവ സെന്ററിലും സൗജന്യ മരുന്നുവിതരണമുണ്ട്. മെഡിക്കല്‍ കോളജ് വാര്‍ഡ് നവീകരണം ഐഎസ്എം ഏറ്റെടുത്തു.  കോഴിക്കോട് ബീച്ച് ആശുപത്രിയും നവീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ദരിദ്രര്‍ക്കു ഗൃഹ നിര്‍മാണത്തിനും കിണര്‍ നിര്‍മാണത്തിനുമുള്ള സഹായങ്ങളും സംഘടന വഴി നല്‍കുന്നു. 

കേന്ദ്രസര്‍ക്കാരിന്റെ സെന്‍സസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ആരാധനാലയ വിദഗ്ധാംഗമായ ഹുസൈന്‍ മടവൂര്‍ കേരള വഖഫ് ബോര്‍ഡ് അംഗവുമാണ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മതപണ്ഡിതരുടെ യോഗത്തിലെ പ്രതിനിധിയുമായിരുന്നു. ഫാറൂഖ് കോളജ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലായ ഹുസൈന്‍ മടവൂര്‍ കാലിക്കറ്റ് സര്‍വകലാശാല പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമാണ്. കേരള അറബിക് കോളജ് പ്രിന്‍സിപ്പല്‍സ് ആന്‍ഡ് മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. 

കോഴിക്കോട്ടെ പ്രമുഖ മസ്ജിദ് ആയ പാളയം മൊയ്തീന്‍ പള്ളിയില്‍ 23 വര്‍ഷമായി ജുമുഅ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം (ഖത്തീബ്) നല്‍കുന്നു. കോഴിക്കോട് ഈദ് ഗാഹ് നേതൃത്വവും വഹിക്കുന്നു. 

പഠനം, കുടുംബം  
കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്കു സമീപം മടവൂര്‍ പുനത്തുംകുഴിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ അബൂബക്കര്‍ കോയയുടെയും ഹലീമയുടെയും മകനായി ജനനം. മടവൂര്‍ എയുപി സ്‌കൂള്‍, കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് 1977ല്‍ ഒന്നാം റാങ്കോടെ അഫ്‌സലുല്‍ ഉലമാ ബിരുദം. 1980 - 85ല്‍ മക്ക ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍നിന്ന് ഇസ്‌ലാമിക പഠനത്തില്‍ ഉന്നതബിരുദം. 1988ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. 2004ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി. 

അഫ്‌സലുല്‍ ഉലമാ ബിരുദം നേടിയ 1977ല്‍ തന്നെ കോഴിക്കോട് ജെഡിറ്റി ജൂനിയര്‍ അറബിക് കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായി. ആറു മാസത്തിനു ശേഷം മങ്ങാട് യുപി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഒന്നര വര്‍ഷത്തിനു ശേഷം 1979ല്‍ മാതൃസ്ഥാപനമായ ഫാറൂഖ് റൗളത്തുല്‍ഉലൂം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 1997 മുതല്‍ പ്രിന്‍സിപ്പല്‍. 

വിവാഹം 1979 ഡിസംബര്‍ 23ന്. മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളജ് ലക്ചറര്‍ സല്‍മയാണു ഭാര്യ. ജിഹാദ് (ബിസിനസ്), ജലാലുദ്ദീന്‍ (റൗളത്തൂല്‍ ഉലൂം അറബിക് കോളജ്), മുഹമ്മദ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി), അബ്ദുല്ല (ഹാഫിസ്), അബൂബക്കര്‍ എന്നിവര്‍ മക്കള്‍. ഫാറൂഖ് കോളജിലാണ് ഇപ്പോള്‍ സ്ഥിരതാമസം. 

അമേരിക്ക, ബ്രിട്ടന്‍, ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വായനയും മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനവുമാണ് ഹുസൈന്‍ മടവൂരിന്റെ ഇഷ്ടങ്ങള്‍. 

സങ്കുചിതത്വമില്ലാത്ത സംഘടനാപ്രവര്‍ത്തനവും സാമൂഹിക സേവനവുമാണ് ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രവര്‍ത്തനതത്വം. മതത്തിന്റെ മനുഷ്യത്വ സമീപനവും മാനവികതയും ഉയര്‍ത്തിയായിരിക്കണം പ്രബോധനം. മതബോധവും സേവന മനോഭാവവും തമ്മില്‍ വേര്‍പെടുത്താനാകാത്ത വിധം ഇഴചേര്‍ന്നുള്ള സാമൂഹികാവസ്ഥയാണ് മടവൂരിന്റെ സ്വപ്‌നം. 

 മുഹമ്മദ് അനീസ്
(മനോരമ ഓണ്‍ലൈന്‍)

No comments:

Post a Comment