Tuesday, 8 May 2012

ഇസ്വ്‌ലാഹീ പ്രസ്ഥാനം

സംസ്‌കരിക്കുക, നന്നാക്കുക, ചൊവ്വാക്കുക, പരിഷ്‌കരിക്കുക എന്നൊക്കെയാ ണ് 'ഇസ്വ്‌ലാഹ്' എന്ന പദത്തിന്റെ അര്‍ഥം. മനുഷ്യ മനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബഹുദൈവാരധാതത്പരതയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഏതെല്ലാം കാര്യം കൊണ്ട് സംസ്‌കരിച്ച് നന്നാക്കി എടുത്തുവോ അതേ ആയുധങ്ങള്‍ - പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും- കൊണ്ട് സംസ്‌കരിച്ച് നന്നാക്കി എടുക്കുക എന്നതാണ് അത് കൊണ്ട് വിവക്ഷിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനമാണ് 'ഇസ്വ്‌ലാഹി പ്രസ്ഥാനം'. ധാരാളം പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കാനാഹ്വാനം ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനവും ഇത് തന്നെ. 'നിങ്ങളില്‍ നിന്ന് നന്മയിലേക്ക് ക്ഷണിക്കുന്ന സദാചാരം കല്‍പിക്കുകയും ദുരാചാരം വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം ഉണ്ടാകണം. അവരത്രെ വിജയികള്‍'. എന്ന ഖുര്‍ആനിക വചനവും 'നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് കൈ കൊണ്ട് തടയണം. കഴിയുന്നില്ലെങ്കില്‍ നാവ് കൊണ്ട് തടയണം. അതിനും കഴിയുന്നില്ലെങ്കില്‍ മനസ്സ് കൊണ്ട് തടയണം. അതാണ് സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായിട്ടുള്ളത്'. എന്ന പ്രവാചകദ്ധ്യാപനവും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് അതിന്റേത്. 'ഇസ്‌ലാം അപരിചിതാവസ്ഥയിലാണ് രംഗപ്രവേശം ചെയ്തത്. തുടങ്ങിയതു പോലെ അത് മടങ്ങിപ്പോകും. അന്ന് അപരിചിതരായി കണക്കാക്കപ്പെടുന്നവര്‍ക്ക് സര്‍വ മംഗളങ്ങളും! എന്റെ കാലശേഷം എന്റെ ചര്യയില്‍ നിന്ന് ജനങ്ങള്‍ 'ഫസാദാക്കി'യതിനെ - കുഴപ്പത്തില്ലാക്കിയതിനെ - 'ഇസ്വ്‌ലാഹ്' അഥവാ 'നന്നാക്കുന്നവരാ'യിരിക്കും അവര്‍' എന്ന പ്രവാചകന്റെ ആഹ്വാനമാണ് അതിന്റെ ആവേശം.


കേരളക്കരയിലെ മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ-ആചാര-അനുഷ്ടാന- വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലെ ഇന്നലെക ളുടെ ദൂരവസ്ഥ മനസ്സിലാക്കുകയും ഇന്നിന്റെ പുരോഗതിയെ നിഷ്പക്ഷ ബുദ്ധ്യാ വിലയിരു ത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ  ഇസ്വ്‌ലാഹിന്റെ കണങ്ങള്‍ കണ്ടെത്താതിരിക്കാ നാവില്ല. അതിന് നിസ്തുല നേതൃത്വം നല്‍കിയ പൂര്‍വ സൂരികളെ കാണാതാരിക്കാനുമാവില്ല. അതാണ് കേരളത്തിലെ  ഇസ്വ്‌ലാഹി പ്രസ്ഥാനവും കേരള സമൂഹവുമായുള്ള ബന്ധവും. ഊടും പാവും പോലെ!!

ജനഹിതം നോക്കാതെ ഭൂരിപക്ഷ ന്യൂനപക്ഷ പിന്തുണ പരിഗണിക്കാതെ സത്യം തുറന്ന് പറയുക, അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വരുന്നതെല്ലാം ഏല്‍ക്കുക പ്രവാചകന്മാര്‍ സഹിച്ചത് പോലെ സഹിക്കുക, അവരെ പിന്‍പറ്റുക എന്നതാണ് ഇതിന്റെ ശൈലി. 'ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്, അക്രമിയായ രാജാവിന്റെയടുക്കലുള്ള സത്യവാക്കിന്റെ പ്രഘോഷണമാണ്' എന്ന പ്രവാചകന്റെ പ്രഖ്യാപനമാണ് ഈ പ്രസ്ഥാനം നെഞ്ചേറ്റിയിട്ടുള്ളത്. ഈ ജിഹാദ് ഏറ്റെടുത്തതിനാല്‍ 'മുജാഹിദുകള്‍' എന്ന പേരില്‍ കേരളക്കരയില്‍ ഈ പ്രസ്ഥാനം അറിയപ്പെടുന്നു. പ്രവാചക തിരുമേനി (സ) യുടെ ഒരു പ്രവചനത്തിന്റെ പുലര്‍ച്ചയായി ഇതിനെക്കാണാം. നബി(സ) പറഞ്ഞു: 'എനിക്ക് മുന്‍പ് അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ സമുദായത്തില്‍ നിന്ന് ആത്മമിത്രങ്ങളും, അദ്ദേഹത്തിന്റെ ചര്യപിന്‍പറ്റുകയും കല്‍പനകള്‍ അനുധാവനം ചെയ്യുകയും ചെയ്യുന്ന അനുയായികളും ഉണ്ടാകാതിരുന്നിട്ടില്ല. പിന്നെ അവരുടെ പിന്നാലെ ചില പിന്‍ഗാമികള്‍ വരും. അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ പറയും. അവരോട് കല്‍പിക്കപ്പെടാത്തത് അവര്‍ പ്രവര്‍ത്തിക്കും. അത്തരക്കാരോട് കൈകൊണ്ട് ജിഹാദ് ചെയ്യുന്നവര്‍ വിശ്വാസിയാകുന്നു. അവരോട് നാക്ക് കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാകുന്നു. അവരോട് ഹൃദയം കൊണ്ട് ജിഹാദ് ചെയ്യുന്ന വന്‍ വിശ്വാസിയാകുന്നു.  അതിനപ്പുറം അണുത്തുക്കം വിശ്വാസം പോലുമില്ല'. ഈ വചനം അന്വര്‍ഥമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാലും ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ക്ക് നിരക്കാത്തതിനോടെല്ലാം സമരത്തിലേര്‍പ്പെട്ടിരിക്കുന്നതിനാലുമാണ് 'മുജാഹിദ്' എന്ന പേര് സ്വീകരി ച്ചിരിക്കുന്നത്. ആയുധമേന്തി മറ്റുള്ളവരെ കടന്നാക്രമണം നടത്തുന്നവര്‍ എന്ന നിലയിലല്ല, അത് ഇസ്‌ലാം പഠിപ്പിക്കുന്നുമില്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാകുന്ന ആയുധ മേന്തി മനുഷ്യമനസ്സുകളിലെ ദുഷിച്ച വിശ്വാസങ്ങളോടും ആചാരങ്ങളോടും സമരം ചെയ്യുക എന്ന് സാരം.
ഇതൊരു പുതിയ പ്രവര്‍ത്തനമല്ല, പുത്തന്‍ വാദവുമല്ല. പുത്തന്‍വാദങ്ങളെല്ലാം വര്‍ജിച്ച് പഴയതിലേക്ക് മടങ്ങാനാഹ്വാനം ചെയ്യുന്നവരെ പുത്തന്‍വാദികള്‍ എന്ന് വിളിക്കുന്ന തിന്റെ ഗുട്ടന്‍സ് എന്താണാവോ? പേരോ ആളുകളോ പുതിയതായിരിക്കും. പേരുകളിലും ആളുകളിലുമല്ല കാര്യം, ആശയത്തിലും ആദര്‍ശത്തിലുമാണ്. എങ്കിലും ഇതിന്റെ ആദര്‍ശം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സലഫുകളുടെയും ആദര്‍ശമാണ്. അത് ഏറെ പഴക്കമുള്ളതാണ്.

ഇസ്വ്‌ലാഹിന്റെ പ്രവര്‍ത്തനം ഇന്നോ ഇന്നലെയോ 1920-കളിലോ ഉണ്ടായതല്ല. മനുഷ്യരോളം പഴക്കമുണ്ട് അതിന്. മനുഷ്യരെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെല്ലാം നടത്തിയത് ഇസ്വ്‌ലാഹിന്റെ പ്രവര്‍ത്തനമായിരുന്നു. പ്രവാചകന്മാരാണ് ഇസ്വ്‌ലാഹി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച പരിഷ്‌കര്‍ത്താക്കളായ മുസ്വ്‌ലിഹുകള്‍. ഒരു ജനതയിലേക്ക് നിയുക്തനായ പ്രവാചകന്‍, വിശ്വാസപരമായി ദുഷിച്ച ആചാരപരമായി നശിച്ച ജനതയെ സംസ്‌കരിച്ച് നന്നാക്കിയെടുക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.... ബഹുഭൂരി ഭാഗം ജനത എതിര്‍ക്കുന്നു.... സത്യം ഉള്‍ക്കൊണ്ട അനുയായികളുണ്ടാകുന്നു.... പ്രവാചകന്റെ കാലം കഴിയുന്നു.... വീണ്ടും അവരുടെ പിന്‍തലമുറ ദുഷിക്കുന്നു.... മറ്റൊരു പ്രവാചകന്‍ നിയോഗിതനാകുന്നു.... സംസ്‌കരണ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.... ഇതാണ് മനുഷ്യ സമൂഹത്തിലേക്ക് ആദ്യമായി നിയുക്തനായ നൂഹ് നബി(അ) മുതല്‍ അന്ത്യപ്രവാച കനായ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരുടെ നിയോഗത്തിലും അവരുടെയെല്ലാം പരിഷ്‌കരണപ്രവര്‍ത്തനങ്ങളിലും നമുക്ക് കാണാനാവുന്നത്. ഇങ്ങനെ ഒന്നേകാല്‍ ലക്ഷ ത്തോളം പ്രവാചകന്മാരായ പരിഷ്‌കര്‍ത്താക്കള്‍ വന്നുപോയിട്ടുണ്ട്. അതെ, ഓരോ പ്രവാചകന്റെയും കാലശേഷം വിശ്വാസ വൈകല്യങ്ങളും ആചാര വൈകൃതങ്ങളും കൊണ്ട് ദുഷിക്കുന്ന മനുഷ്യരെ ഏകദൈവാരാധനയിലേക്കും സന്മാര്‍ഗത്തിലേക്കും സദാചാര നിഷ്ടയിലേക്കും ക്ഷണിക്കുന്നതിനായി മറ്റൊരു പ്രവാചകനെ അയക്കുന്നു. ഇങ്ങനെ വരുന്ന പ്രവാചകന്മാരെ ബഹുദൈവവിശ്വാസത്തിലൂടെ നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച ജനത എതിര്‍ക്കുകയും പരിഹസിക്കുകയും നാടുകടത്തുകയും ഉപദ്രവിക്കുകയും ചിലരെ വധിക്കുകയും ചെയ്തു കൊണ്ട് രചിച്ച ചരിത്രം നമുക്ക് വായിക്കാനാകും. ജനങ്ങളുടെ അധ:പതനവും പരിഷ്‌കര്‍ ത്താക്കളായ പ്രവാചകന്മാരുടെ നിയോഗവും ഇസ്വ്‌ലാഹിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്.

പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും മുഹമ്മദ് നബി(സ) യിലൂടെ അവസാനിച്ചു. ഇനി പ്രവാചകന്മാര്‍ വരില്ല. വേദഗ്രന്ഥങ്ങള്‍ അവതരിക്കുകയുമില്ല. അപ്പോള്‍ മുഹമ്മദ് നബി സംസ്‌കരണത്തിന് നേതൃത്വം നല്‍കിയ ജനസമൂഹത്തില്‍ മാര്‍ഗ ഭ്രംശവും സന്മാര്‍ഗ വ്യതിചലനവും ഉണ്ടാകില്ലേ? ഉണ്ടാകാം. പക്ഷെ, അത് മുന്‍ജനസമുദായ ങ്ങളിപ്പോലെ സമ്പൂര്‍ണവും സമൂലവുമാകില്ല. എക്കാലത്തെയും ജനങ്ങള്‍ക്ക് അംഗീകരി ക്കാവുന്നതും മാര്‍ഗദര്‍ശനം നല്‍കുന്നതുമായ രണ്ട് കാര്യങ്ങള്‍ നിലനിറുത്തിയിരിക്കുന്നു എന്നതാണ് അതിന്ന് കാരണം. 'രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളിലേക്ക് വിട്ടുതരുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനും, അവന്റെ പ്രവാചകന്റെ ചര്യയും' എന്ന നബി(സ)യുടെ വചനവും 'എന്റെ സമുദായത്തില്‍ സത്യത്തിന് വേണ്ടി നിലക്കൊള്ളുന്ന ഒരു വിഭാഗം എന്നും ഉണ്ടായിക്കൊണ്ടേയിരിക്കും'  എന്ന നബിവചനവും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ യാഥാര്‍ഥ്യത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഖുര്‍ആന്‍ മാറ്റാനോ സുന്നത്ത് ഇല്ലായ്മ ചെയ്യാനോ പൗരോഹിത്യാധിപത്യത്താല്‍ മലീമസമാക്കാനോ ആവില്ല. മനുഷ്യന്റെ ഇഹപര ജീവിതവിജയത്തിന് നിദാനമായി ഖുര്‍ആനും സുന്നത്തും നിര്‍ദേശിച്ചകാര്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് സത്യസരണിയില്‍ ഉറച്ചുനിന്ന് സത്യത്തിന് വേണ്ടി പോരാടുന്ന വിഭാഗം ലോകാവസാനം വരെ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് സാരം. സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ സത്യത്തിനായി നിലക്കൊള്ളണമെന്നും അതിന് മാതൃകയാകണമെന്നും കല്‍പിക്കപ്പെട്ടവരില്‍, അന്ധവിശ്വാസ ദുരാചാരങ്ങള്‍ ചേക്കേറുമ്പോള്‍ അതിനെ ഖുര്‍ആനും സുന്നത്തും കൊണ്ട് ബോധവത്കരണം നടത്തി നന്നാക്കാനും ശരിയില്‍ ഉറപ്പിച്ചുനിറുത്താനും പ്രപഞ്ചനാഥന്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തിയാക്കിയ ദീനില്‍ കൂട്ടരുത് കുറക്കരുത് എന്ന് ഓര്‍മിപ്പിച്ച് മുന്നേറാനും ആ മാര്‍ഗത്തില്‍ പോരാട്ടം നടത്താനും തയ്യാറെടുത്ത് നിലക്കൊള്ളുന്ന ഒരു വിഭാഗം- അതത്രെ 'മുസ്വ്‌ലിഹു'കളും 'മുജാഹിദു'കളും 'ഇസ്വ്‌ലാഹി പ്രസ്ഥാനവും'.

ഏതെങ്കിലും വ്യക്തികളുടെ ചിന്താധാരയില്‍ നിന്ന് ഉടലെടുത്ത ആശയങ്ങളോ അഭിപ്രായങ്ങളോ അല്ല അവര്‍ പ്രബോധനം ചെയ്യുന്നത്, മറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മാറ്റമില്ലാത്ത നിത്യനൂതന സന്ദേശങ്ങളാണ്. ആരുടെയെങ്കിലും അഭിപ്രായങ്ങളെ അന്ധമായി അനുകരിക്കുകയോ, അനുകരിക്കാനാഹ്വാനം ചെയ്യുകയോ അല്ല, മറിച്ച് അവയെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തി തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുവാനാണാഹ്വാനം ചെയ്യുന്നത്. പരിശുദ്ധ ഖുര്‍ആനാ കുന്ന പാശം മുറുകെപിടിച്ച് അനൈക്യത്തിന്റെയും ഭിന്നിപ്പിന്റെയും മാര്‍ഗത്തില്‍ നിന്ന് ഐക്യത്തിന്റെയും യോജിപ്പിന്റെയും പാതയിലേക്കെത്താനാണ് ക്ഷണിക്കുന്നത്. 'അല്ലാഹു വിന്റെ പാശം നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്' എന്നാണല്ലോ ഖുര്‍ആനിന്റെ വിളംബരം.

ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം അന്ത്യപ്രവാചകന്‍ പഠിപ്പിച്ചുതന്ന ദീനിലില്ലാത്ത പല ആശയഗതികളും ഉടലെടുക്കുകയും, ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് അപ്രമാ ദിത്തം കല്‍പിച്ച് അന്ധമായി വാരിപ്പുണരുകയും പക്ഷപാതിത്വം ഉടലെടുക്കുകയും മദ്ഹബീ സങ്കുചിത്വത്തിന്റെ പേരില്‍ അങ്കം വെട്ടുകയും ചെയ്യുന്ന ദു:ഖകരമായ  അവസ്ഥയാണ് ചരിത്രം നമുക്ക് പറഞ്ഞ്തരുന്നത്. അധികാരത്തിന്റെ പേരിലുള്ള ആശയസംഘട്ടനങ്ങളും അധികാരം നിലനിറുത്താന്‍ വേണ്ടി മതതത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും മതത്തിലില്ലാത്തത് കടത്തിക്കൂട്ടിയുമുള്ള പ്രയാണവും തദടിസ്ഥാനത്തിലുള്ള കക്ഷിത്വവു മാണ് നമുക്ക് കാണാനാകുന്നത്. 'തഖ്‌ലീദിന്റെ' (അന്ധമായ അനുകരണത്തിന്റെ) കരിമ്പടം പുതച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങിയിരുന്ന, മതമെന്നാല്‍ ചില നാട്ടാചാരങ്ങളും മാമൂലുകളുമാ ണെന്ന് തെറ്റിദ്ധരിച്ച് മതത്തിന്റെ അന്തസ്സത്തയില്‍ നിന്നകന്ന് ജീവിച്ച സര്‍വ പുരോഗതിയു ടെയും കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ട് ലക്ഷ്യബോധമില്ലാതെ വട്ടം കറങ്ങിയ, ഉത്തമ സമുദാ യമെന്ന് വിശേഷിക്കപ്പെട്ടിട്ടും അധ:പതനത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ ആപതിച്ച് കരകയ റാനാകാതെ വീര്‍പ്പുമുട്ടിയ മുസ്‌ലിം ഉമ്മത്തിനെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി മതത്തിന്റെ അന്തസ്സത്തയിലേക്ക് നയിച്ച്, മാറ്റങ്ങളുടെയും പുരോഗതിയുടെയും ചാലക ശക്തിയാക്കി മാറ്റി അധ:പതനത്തിന്റെ കയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി ഖുര്‍ആനിന്റെയും സുന്നത്തി ന്റെയും വെളിച്ചത്തിലേക്ക് നയിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിഷ്‌കര്‍ത്താ ക്കളായ നായകന്മാര്‍ രംഗപ്രവേശം ചെയ്തു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ (റ), മുഹമ്മദുബ്‌നു അബ്ദിന്‍ വഹാബ്(റ), സയ്യിദ് റഷീദ് റിള, മുഹമ്മ് അബ്ദ:, ജമാലുദ്ധീന്‍ അഫ്ഗാനി (റ)... പോലെയുള്ളവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ പരിഷ്‌കരണത്തി നായി എഴുന്നേറ്റ് നിന്ന പ്രമുഖരില്‍ ചിലരാണ്. 'ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുക, വിജയം കൈവരിക്കുക' എന്ന ആഹ്വാനമാണ് അവര്‍ ചെയ്തത്. അവര്‍ ഓരോ ആശയങ്ങളുണ്ടാക്കി അത് സ്വീകരിക്കുക എന്നല്ല പറഞ്ഞത്. അതിന്റെ പേരില്‍ അവര്‍ക്ക് വെളിച്ചത്തിന്റെ ശത്രുക്കളില്‍ നിന്ന് അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. മര്‍ദ്ദനങ്ങള്‍ക്കും പീഢനങ്ങള്‍ക്കുമിരകളായി..., നാടുകടത്തപ്പെട്ടു... തുറുങ്കിലടക്കപ്പെട്ടു... പക്ഷേ അവയെ മുഴുവന്‍ അതിജീവിച്ച് മതത്തിന്റെ യഥാര്‍ഥ പ്രഭചൊരിക്കാന്‍ അവരെ അല്ലാഹു അനുഗ്രഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളിലാണ് ഇസ്വ്‌ലാഹീ പ്രസ്ഥാനം അറിയപ്പെടുന്നത്. സലഫീ മൂവ്‌മെന്റ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

ഇന്ത്യയിലും അതിന്റെ അലയടികളുണ്ടായി. സയ്യിദ് അഹമ്മദ് ശഹീദ്, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവരെപ്പോലെയുള്ള മഹത്‌വ്യക്തിത്വങ്ങള്‍ അതിന്റെ ജീവസ്സുറ്റ ഭടന്മാരായി നേതൃത്വം നല്‍കി. ഏതാണ്ട് മുഹമ്മദ് തുഗ്ലക്കിന്റെ കാലം മുതല്‍ക്കു തന്നെ ഇന്ത്യയില്‍ ഇസ്വ്‌ലാഹീ ചലനങ്ങള്‍ ദൃശ്യമായി. 1906ല്‍ 'ജംഇയ്യത്തു അഹ്‌ലേ ഹദീസ്' രൂപീകരിച്ചതോടെ സംഘടിത സ്വഭാവം കൈവന്നു.
കേരളത്തിലാകട്ടെ, മര്‍ഹൂം വക്കം മൗലവിയും സയ്യിദ് റഷീദ് രിളയും അദ്ദേഹത്തിന്റെ അല്‍മനാര്‍ മാസികയുമായുള്ള ബന്ധവും ഇസ്വ്‌ലാഹിന്റെ കാറ്റ് വീശാന്‍ വഴിയൊരുക്കി. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ 19-ാം നൂറ്റാണ്ടില്‍ ഒരു കൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ച ശൈഖ് സനാഉല്ലാഹ് മഖ്ദിതങ്ങള്‍ ഗവണ്‍മെന്റ് ജോലി രാജിവെച്ചാണ് ഇസ്വ്‌ലാ ഹിന്റെ പതാകയേന്തിയത്. കെ.എം. മൗലവി, സീതിസാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, ഇ. മൊയ്തുമൗലവി, ഇ.കെ. മൗലവി, എന്‍.വി. അബ്ദുസ്സലാം മൗലവി..... തുടങ്ങി മതരംഗത്തും പൊതുരംഗത്തും സ്വാതന്ത്ര്യ സമരഭൂമിയിലും ഒരേപോലെ ത്യാഗം ചെയ്ത മഹാരഥന്മാരാണ് കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചുക്കാന്‍പിടിച്ചത്. മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഈ നിരയില്‍ കാണാം.

കേരളത്തിലെ മുസ്‌ലിംകളുടെ അധ:പതനാവസ്ഥ കണ്ട് മനം മടുത്ത നവോത്ഥാന നായകന്മാര്‍ ഒറ്റയും തെറ്റയുമായി നാവും തൂലികയും പടവാളാക്കി അവരവരാല്‍ കഴിയുന്ന സമൂഹസമുദ്ധാരണത്തില്‍ മുഴുകിക്കൊണ്ടിരുന്നു. എല്ലാ രംഗത്തും പിന്തള്ളപ്പെട്ടവരായിരുന്നു അന്ന് കേരള മുസ്‌ലിംകള്‍! അവരുടെ സമൂലമാറ്റത്തിനായി അവര്‍ യത്‌നിച്ചു. പരിശുദ്ധ ഖുര്‍ആനെന്ന വിപ്ലവഗ്രന്ഥം കേവലം മരിച്ചിടത്ത് ഓതാനുള്ള ഒരു പുണ്യഗ്രന്ഥം മാത്രമായി കാണുകയും പ്രവാചക ചര്യ എന്തെന്നറിയാനാകാതെ നാട്ടാചാരങ്ങളും മാമൂലുകളുമാണ് മതമെന്ന് ധരിച്ച് വശാവുകയും ലോകത്ത് മനുഷ്യരുടെ സമൂല പരിവര്‍ത്തനത്തിനായി പ്രവാചകന്മാരാല്‍ പ്രഥമാധ്യാപനമായി ഉദ്‌ഘോഷിച്ച  'ലാഇലാഹഇല്ലല്ലാഹ്' എന്ന പരിശുദ്ധ കലിമത്തുത്തൗഹീദ് പതിനായിരം തവണ മരിച്ചവര്‍ക്ക് കൂലി കിട്ടാന്‍ വേണ്ടി ചൊല്ലി അയക്കാന്‍ മാറ്റിവെക്കപ്പെടുകയും ചുണ്ടുകളില്‍ മാത്രം തത്തിക്കളിക്കുന്ന മന്ത്രമായിത്തീ രുകയും ഖുര്‍ആനും സുന്നത്തും മാറ്റിവെച്ച് റാത്തീബും മൗലിദും കയ്യിലേന്തി ഖബര്‍ കെട്ടിപ്പൊക്കി ജാറം മൂടി ചന്ദനക്കുടവും ഉറൂസും ആണ്ട് നേര്‍ച്ചയും നടത്തലാണ് ഇസ്‌ലാ മിന്റെ അടിത്തറയെന്ന് കരുതി മറ്റ് മതസ്ഥരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുകയും ചെയ്ത് തൗഹീദിന്റെ മുഖമൂടിയണിഞ്ഞ് ശിര്‍ക്കിന്റെ വഴികളില്‍ അന്ധമായി അലയുകയായിരുന്നു അവര്‍. സുന്നത്തിന്റെ  സ്ഥാനത്ത് ബിദ്അത്തുകളെ മാറോടണ ക്കുകയായിരുന്നു. വിശ്വാസ കര്‍മരംഗങ്ങളില്‍ ഇതായിരുന്നു അവസ്ഥയെങ്കില്‍ വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പൂര്‍ണമായും വെട്ടി മാറ്റപ്പെട്ടവരായിരുന്നു അവര്‍. ഇംഗ്ലീഷ് നരകത്തിലെ ഭാഷ, മലയാളം ആര്യനെഴുത്ത് ഹറാം, സ്ത്രീ കയ്യെഴുത്ത് പഠിക്കല്‍ ഹറാം, മദ്രസ സമ്പ്രദായം നരകത്തിലേക്കുള്ള വഴി... തുടങ്ങിയ പ്രതിലോമ പിന്തിരിപ്പന്‍ വാദഗതികളില്‍ മുസ്‌ലിം പാമര ജനങ്ങളെ തളച്ചിടുകയുണ്ടായിരുന്നു അന്ന് പണ്ഡിതന്മാരെന്ന് പറയപ്പെട്ടിരുന്നവര്‍. ഉലമാക്കള്‍ പറയുന്നത് മാത്രമാണ് ദീനെന്ന് തെറ്റിദ്ധരിച്ചവര്‍ വെളിച്ചവുമായി കടന്നുവന്ന നവോത്ഥാന നായകരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ ക്കുകയായിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിച്ച് എതിര്‍ത്തവരെക്കൊണ്ട് തന്നെ എതിര്‍ത്തതിനെ അംഗീകരിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള പ്രവര്‍ത്തനങ്ങളുമായി ഇസ്വ്‌ലാഹി നായകന്മാര്‍ മുന്നേറി. കേരള മുസ്‌ലിംക ളില്‍ ഇന്ന് കാണുന്ന പുരോഗതി അങ്ങനെയാണുണ്ടായതെന്ന് മറക്കലും മറച്ചുവെക്കലും നന്ദികേടാണെന്ന് പറയാതെ വയ്യ. മദ്രസാ സമ്പ്രദായത്തെ നരകത്തിലേക്കുള്ള വഴിയാ ണെന്ന് പ്രചരിപ്പിച്ചവര്‍ ഇന്നത് പറയുന്നില്ല! സ്ത്രീ വിദ്യാഭ്യാസം ഹറാമാണെന്ന് 'ഫത്‌വ' ഇറക്കിയവര്‍ ഫത്‌വ പിന്‍വലിക്കാതെ തന്നെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രചോദനം നല്‍കുന്നു! മലയാളം ആര്യനെഴുത്ത് ഹറാമാണെന്ന് പറഞ്ഞവര്‍ പൂര്‍ണമായും ആ വാദം വിഴുങ്ങി യിരിക്കുന്നു! ഇംഗ്ലീഷ് നരകത്തിലെ ഭാഷയെന്ന് പറഞ്ഞവര്‍ക്ക് ഇംഗ്ലീഷില്ലാതെ ജീവിക്കാ നാകുന്നില്ല!! ... അതെ ഈ മാറ്റമാണ്  ഇസ്വ്‌ലാഹീ നേതാക്കളുണ്ടാക്കിയത്. പുരോഗതി നേടാന്‍ അറച്ചുനിന്നവരെ പുരോഗതിയിലേക്ക് കൈപിടിച്ചത്. മാറാന്‍ തയ്യാറാകാത്തവരെ മാറ്റിയെടു ത്തത്. കേരള മുസ്‌ലിം സമൂഹത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ പുരോഗതിക്കും മുന്നേറ്റത്തിനും വേണ്ടി അവര്‍ വെല്ലുവിളികളെ അതിജയിച്ച് കൊണ്ട് നിസ്തുലമായ നേതൃത്വം നല്‍കി പരിവര്‍ത്തനങ്ങളുണ്ടാക്കി. ഇല്ലായിരുന്നുവെങ്കില്‍....????

പ്രാദേശിക തലത്തില്‍ ഈ ലക്ഷ്യത്തോടെ ചില സംഘടിത പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരുന്നു. ഇസ്‌ലാം ധര്‍മസ്ഥാപന സംഘം, അന്‍സാറുള്ള സംഘം; ജംഇയ്യത്തുല്‍ മുജാഹിദീന്‍ പോലെയുള്ളവ അത്തരം പ്രാദേശിക സംഘടിത ഇസ്വ്‌ലാഹി പ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളാണ്.

സംഘടിത മുന്നേറ്റമെന്ന നവോത്ഥാന നേതാക്കളുടെ ആശയമാണ് വ്യക്തികളി ലൂടെ നടന്നുകൊണ്ടിരുന്ന പ്രവര്‍ത്തനം ക്രമേണ സുസംഘടിത രൂപത്തിലെത്തുന്നത്. ഒരു സംഘടനയുണ്ടാക്കിയിട്ട് ആദര്‍ശം മെനയുകയല്ല, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആദര്‍ശം സംഘടതിമായി ജനമനസ്സുകളിലെത്തിക്കുന്നതിന് സംഘടിത രൂപം സ്വീകരിക്കുകയായിരുന്നു ചെയ്തത്. അതാണ് 1922 ല്‍ കൊടുങ്ങല്ലൂരിലെ ഏറിയാട് വെച്ച് രൂപീകൃതമായ 'കേരള മുസ്‌ലിം ഐക്യ സംഘം'. മുസ്‌ലിം സമുദായത്തിന്റെ സമസ്ത പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് മുസ്‌ലിംകളുടേതായ ഒരു സംഘടിത രൂപം അന്ന് വേറെ യുണ്ടായിരുന്നില്ല. മര്‍ഹൂം വക്കം മൗലവി, കെ.എം. മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, സീതി സാഹിബ്.... തുടങ്ങിയവരുടെ നിരന്തര പ്രയത്‌നത്തിന്റെയും ദീര്‍ഘ വീക്ഷണത്തി ന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും പരിണിതഫലമായിരുന്നു അത്. ഈ മഹാരഥന്മാരായ പണ്ഡിതവര്യരുടെയും സാമുദായിക നേതാക്കളുടെയും ശ്രമഫലമായി മുസ്‌ലിം സമുദായ ത്തിന് ദിശാബോധം നല്‍കുന്ന ഒരു പണ്ഡിത സംഘടന രൂപം കൊണ്ടു. കേരളത്തിലെ മുഴുവന്‍ പണ്ഡിതന്മാരെയും ഒരു വേദിയിലണിനിരത്തിക്കൊണ്ടാണ് അതിന്ന് ജന്മം നല്‍കിയത്. വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് അറബിക്കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ മഹനീയാദ്ധ്യക്ഷതയില്‍ ആലുവയില്‍ വെച്ചാണ് 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന മഹത്തായ പണ്ഡിത സഭക്ക് രൂപം കൊടുത്തത്. 1924-ലായിരുന്നു ആ ചരിത്ര സംഭവം. ഒരൊറ്റ പണ്ഡിത സംഘടനയും അന്ന് വേറെ നില വിലുണ്ടായിരുന്നില്ല. ഇരുട്ടിനെ സ്‌നേഹിക്കുന്ന, വെളിച്ചത്തെ വെറുക്കുന്ന, നാട്ടാചാരങ്ങളും മാമൂലുകളും മൗലിദും റാത്തീബും ചാവടിയന്തിരവും ചന്ദനക്കുടവും ഉറൂസും അരക്കിട്ടുറപ്പി ച്ചാലെ നിലനില്‍പുള്ളുഎന്ന് തിരിച്ചറിഞ്ഞ ഏതാനും ചില പണ്ഡിതന്മാര്‍ കേരള ജംഇയ്യ ത്തുല്‍ ഉലമയില്‍ 'വഹാബിസം' ആരോപിച്ച് പുറത്ത് പോവുകയും 1926-ല്‍ വേറൊരു പണ്ഡിത സംഘടനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.  അതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അന്ന് രണ്ട് വര്‍ഷത്തോളം പണ്ഡിത സഭ എന്ന നിലയിലും 4 വര്‍ഷം ഐക്യസംഘം എന്ന നിലയിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുസ്‌ലിം സംഘടിത മുന്നേറ്റത്തിന് തുരങ്കം വെച്ച് സ്വാര്‍ഥതാത്പര്യസംരക്ഷണത്തിനായി അനൈക്യമുണ്ടാക്കിയ വര്‍ കേരള മുസ്‌ലിംകളില്‍ അനൈക്യമുണ്ടായത് 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം പിറവിയെടുത്തത് മുതലാണെന്ന് ആക്ഷേപിക്കുന്നു! വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍? ചരിത്രത്തെ തമസ്‌കരിക്കുകയോ? അതാണിപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്! ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും കൈകോര്‍ത്ത് പിടിച്ചുകൊണ്ട് കേരളത്തിലെ മുസ്‌ലിം നവോത്ഥാന വേദി എന്ന നിലയില്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിമുന്നേറി. വാര്‍ഷിക സമ്മേളനങ്ങളും പണ്ഡിത ചര്‍ച്ചകളുമായി കേരളത്തില്‍ സാന്നിദ്ധ്യമറിയിച്ചു. സമസ്തക്കാര്‍ കുഫ്‌റിന്റെ ഫത്‌വയുമായി നവോത്ഥാന വേദിയെ നേരിട്ടു. അതെല്ലാം അതി ജയിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നവോത്ഥാന പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചു. കേരളീയ സമൂഹത്തിന് ജീവിതത്തിന്റെ നിഖില മേഖലകളിലും നന്മ മാത്രം ചൊരിഞ്ഞു കൊടുക്കുന്ന വന്‍ഫലവൃക്ഷമായി അത് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.

പൊതുജനങ്ങളുടേതായ - പണ്ഡിതന്മാരും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന - ഒരു പൊതുവേദി എന്ന ചിന്തകളുടെ പരിണിതഫലമായി 1950 ഏപ്രില്‍ 20-ന് 1369 റജബ് 2-ന് മുസ്‌ലിം ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന നിലയില്‍ 'കേരള നദ്‌വത്തുല്‍ മുജാഹി ദീന്‍' രൂപം കൊണ്ടു. പിന്നീട് ഈ ബഹുജനസംഘടന അതിന്റെ കര്‍മരംഗത്ത് സജീവ മായി. തത്ഫലമായി ബഹുജനങ്ങളുടെ ഒഴുക്ക് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലേക്കുണ്ടായി. ഏതൊരു പ്രസ്ഥാനത്തിന്റെയും നട്ടെല്ല് യുവാക്കളാണെന്ന തിരിച്ചറിവ്, ഒരു യുവജന സംഘ ടനയുടെ രൂപീകരണത്തിന് അന്നത്തെ നേതാക്കളെ പ്രേരിപ്പിച്ചു. അതാണ് കേരളക്കരയില്‍ ആദ്യമായി രൂപം കൊണ്ട മുസ്‌ലിം യുവജന സംഘടനയായ ഐ.എസ്.എം. - ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍. 1967ലായിരുന്നു അത്. അന്ന് മുസ്‌ലിം യുവതയുടേതായി മറ്റൊരു യുവജന സംഘടന ഉണ്ടായിരുന്നില്ല. ഐ.എസ്.എം.-ന്റെ രൂപീകരണത്തോടെ കേരളത്തി ലെ ഇസ്വ്‌ലാഹീ ചലനത്തിന്റെ വേഗത കൊടുങ്കാറ്റ് കണക്കെ ആയിത്തീര്‍ന്നു എന്നുകാണാം. തുടര്‍ന്ന് 1970-ല്‍ ഐ.എസ്.എം. സ്റ്റുഡന്‍സ് വിംഗ് വിദ്യാര്‍ഥികള്‍ക്കായി രൂപം കൊള്ളു കയും അത് 1971 മെയ് 6-ന് എം.എസ്.എം. - മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് എന്ന പേര് സ്വീകരിച്ച് കാമ്പസ്സുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. സ്ത്രീക ളിലെ സമുദ്ധാരണത്തിന്റെ വേഗത ലക്ഷ്യംവെച്ച് കൊണ്ട് 1987-ല്‍ എം.ജി.എം.-മുസ്‌ലിം ഗേള്‍സ്& വിമണ്‍സ് മൂവ്‌മെന്റ് - രൂപീകരിച്ചു.

പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ, പൊതുജനവേദിയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, യുവജന വിഭാഗമായ ഐ.എസ്.എം, വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം, വനിതാ വേദിയായ എം.ജി.എം. ഇവയാണ് കേരളത്തിലെ ഇസ്വ്‌ലാഹീ പ്രവര്‍ ത്തനത്തിന് വിവിധതലങ്ങളിലായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. മൊത്തത്തില്‍ മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നതും ഇത് തന്നെ. ഈ സംഘടിത പ്രവര്‍ത്തനമാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നത്. ഉത്തരവാദിത്വ നിര്‍വഹണരംഗത്ത് ഇനിയും ഒരു പാട് കാതം താണ്ടേണ്ടിയിരിക്കുന്നു. അതിനായുള്ള നിഷ് കളങ്ക പ്രവര്‍ത്തനമാണ് എന്നും വേണ്ടത്. മുന്‍ഗാമികള്‍ വെട്ടിത്തെളിച്ച ഇസ്വ്‌ലാഹിന്റെ പാതയില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ചങ്കുറപ്പോടെ ഉറച്ചുനില്‍ക്കലാണ് വേണ്ടത്. തൗഹീദീ പ്രബോധനത്തിലൂന്നി നിന്നുകൊണ്ട് കാലഘട്ടത്തിന്റെ മിടിപ്പ് മനസ്സിലാക്കി മനുഷ്യപ്പറ്റുള്ള പ്രബോധക സംഘമായിട്ടാണ് നാം നിലക്കൊള്ളേണ്ടത്. പൂര്‍വികര്‍ക്ക് അല്ലാഹു അനുഗ്രഹം ചൊരിഞ്ഞുകൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ബാദ്ധ്യതകളും സാദ്ധ്യതകളും സമന്വയിപ്പിച്ച് കര്‍ത്തവ്യനിരതരായി മുന്നേറാനും അതിലൂടെ മരണാനന്തര ജീവിതത്തില്‍ സൗഭാഗ്യത്തിനര്‍ഹരാകാനും കഴിയുമാറാകട്ടെ! എന്നും പ്രാര്‍ഥിക്കുന്നു.
അല്ലാഹുവിന് സ്തുതി. 

എം. സലാഹുദ്ദീന്‍ മദനിയുടെ ലേഖനം ഒരു മാഗസിനില്‍ നിന്നും എടുത്തത്‌
1 comment:

  1. ഇസ്ലാഹി പ്രസ്ഥാനത്തെ നല്ലരീതിയിൽ തന്നെ പരിചയപെടുത്തിയിരിക്കുന്നു.. അഭിനന്ദനം.

    ReplyDelete