Wednesday, 2 November 2011

യേസ്, ഐ ക്യാന്‍...

യേസ്, ഐ ക്യാന്‍...


ഉള്ളവരിലേക്കു നോക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നാം കുറവുകളായിരിക്കും കാണുക. എന്നാല്‍ ഇല്ലാത്തവരിലേക്കു നോക്കുമ്പോഴാകട്ടെ. ദൈവം എത്രയധികം അനുഗ്രഹങ്ങളാണ് നമുക്ക് നല്‍കിയിരിക്കുന്നതെന്ന് നാം ഒരു നിമിഷം ചിന്തിച്ചു പോകും.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ ജനിച്ച നിക്കോളാസ് വൂയ്ചീക്കിന്റെ ജീവിതം ഇന്ന് ലോകത്ത് അനേകലക്ഷമാളുകള്‍ക്ക് പ്രചോദനമേകുന്നത് കോടികളുടെ സമ്പത്തും പദവിയും കൊണ്ടല്ല, മറിച്ച് തന്റെ കുറവുകളെ ഉയര്‍ച്ചകളാക്കി മാറ്റിയതിലൂടെയാണ്.

1982ലായിരുന്നു നിക്ക് എന്നു വിളിക്കുന്ന നിക്കോളാസിന്റെ ജനനം. ഏതൊരു മാതാപിതാക്കളും തങ്ങളുടെ കടിഞ്ഞൂല്‍കണ്‍മണിക്കായി ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം പക്ഷെ നിക്കിന്റെ മാതാപിതാക്കള്‍ക്കു സമ്മാനിച്ചത് അപ്രതീക്ഷിത ആഘാതമായിരുന്നു. കാരണം, അവരുടെ കുഞ്ഞു പിറന്നുവീണത് രണ്ടു കൈകളും രണ്ടു കാലുകളുമില്ലാതെ. ഇരുകൈളുടെയും ഇരുകാലുകളുടെയും സ്ഥാനത്ത് മുറിഞ്ഞുപോയപോലുള്ള കാഴ്ച.

സുവിശേഷ പ്രഘോഷകനായ പിതാവ് ബോറിസ് വൂയ് ചീക്കിന്റെയും നഴ്‌സായ അമ്മ ദുഷ്‌ക വൂയ് ചീക്കിന്റെയും മനസില്‍ തുടര്‍ന്നുണ്ടായത് ആധികളുടെ വേലിയേറ്റമായിരുന്നു.

ഇരു കൈകളും ഇരു കാലുകളുമില്ലാതെ തങ്ങളുടെ പൊന്നുമോന്‍ എങ്ങനെ വളരും. നടക്കാനോ കൈകള്‍ കൊണ്ട് എന്തെങ്കിലും എടുക്കാനോ ഒന്നിനും കഴിയാതെ ജീവിതകാലം മുഴുവന്‍ പരസഹായത്തോടെ കഴിയേണ്ടി വരുമല്ലോ തങ്ങളുടെ മോന് എന്ന ചിന്ത അവരുടെ മനസില്‍ നീറി നീറി നിന്നു. തങ്ങളുടെ കാലശേഷം മോനെ ആരു നോക്കുമെന്നെല്ലാം ചിന്തിച്ചതോടെ പലപ്പോഴും മനസിന്റെ നിയന്ത്രണം പോലും നഷ്ടപ്പെടുന്നതായി തോന്നി.

പക്ഷെ വിധിക്ക് തങ്ങളുടെ മോനെ എറിഞ്ഞു കൊടുക്കാന്‍ ആ മാതാപിതാക്കള്‍ തയാറല്ലായിരുന്നു. ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന അവര്‍ തങ്ങളുടെ മോന്റെ ഈയവസ്ഥയിലും ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു.

കാലങ്ങള്‍ കടന്നു പോയി. നിക്കിനെ സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയമായി.
വികലാംഗരും ബുദ്ധിവളര്‍ച്ച കുറഞ്ഞവരുമായ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ പലരും മാതാപിതാക്കളെ ഉപദേശിച്ചു.

എന്നാല്‍ തങ്ങളുടെ മോന്റെ ബുദ്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നും കൈകളും കാലുകളുമാണ് ഇല്ലാത്തതെന്നും ഉപദേശിച്ചവരോട് പറഞ്ഞ മാതാപിതാക്കള്‍ സാധാരണ കുട്ടികള്‍ക്കൊപ്പം തന്നെ മോന്‍ പഠിക്കട്ടെയെന്ന് തീരുമാനിച്ചു.

പക്ഷെ അവിടെയും പ്രതിസന്ധികള്‍ വീണ്ടും മുന്നില്‍ നിരന്നു. സാധാരണകുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിക്കിനെ ചേര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല.

മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നിക്കിനു വേണ്ടി അധികൃതര്‍ ഒട്ടേറെ പ്രവേശന പരീക്ഷകള്‍ നടത്തി. അതിലെല്ലാം വിജയിച്ച നിക്കിന് ഒടുവില്‍ സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നല്‍കി. നിക്കിനായി പ്രത്യേകം സജ്ജീകരണങ്ങള്‍ സ്‌കൂളില്‍ ഒരുക്കി.

പക്ഷെ സ്‌കൂളിലും ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഇരുകാലുകളും കൈകളുമില്ലാത്ത നിക്കിന് സഹപാഠികളില്‍ നിന്നുള്‍പ്പെടെ അവഹേളനങ്ങളും മറ്റും  പല തവണ നേരിടേണ്ടി വന്നു.
മറ്റുള്ളവര്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹമുണ്ടെങ്കിലും ശാരീരിക വൈകല്യം മൂലം മാറി നില്‍ക്കാനേ  ആ കുട്ടിക്കു കഴിഞ്ഞുള്ളൂ. മറ്റുള്ളവരുടേതു പോലെ കളിക്കാനും നടക്കാനും എഴുതാനുമൊന്നും തനിക്കു കഴിയില്ലല്ലോയെന്ന ചിന്ത പലപ്പോഴും നിക്കിനെ ആത്മാഭിമാനക്കുറവിലേക്കാണ് തള്ളിയിട്ടത്.

പലപ്പോഴും വിഷാദവും ഏകാന്തതയും ആ കുഞ്ഞുമനസിന് കൂട്ടായെത്തി.
അലസമായ ചിന്തകളാണ് പലപ്പോഴും ജീവിതത്തില്‍ തെറ്റായ തോന്നലുകളിലേക്ക് മനസിനെ കൊണ്ടു ചെന്നെത്തിക്കുന്നത്. അത്തരമൊരു ചിന്തയുടെ അവസാനം നിക്കിന് തന്റെ ഭാവിയേക്കുറിച്ചു തന്നെ ആശങ്ക തോന്നി.

മാതാപിതാക്കള്‍ക്ക് താന്‍ ഒരു ഭാരമാണോ? ജീവിതം മുന്നോട്ടുപോകുമ്പോള്‍ അവരുടെ കാലശേഷം തന്റെ സ്ഥിതിയെന്താകും? തുടങ്ങിയ ആകുലതകളെല്ലാം ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന ചിന്തയിലേക്കാണ് നിക്കിനെ നയിച്ചത്.

പക്ഷെ ദൈവത്തിന്റെ കരങ്ങള്‍ അവിടെയും ശക്തമായി നിക്കിനെ വഴി നടത്തി. വലിയൊരു ജനതയെ പ്രത്യാശയിലേക്കും പ്രതീക്ഷയിലേക്കും നയിക്കാന്‍ തിരഞ്ഞെടുത്ത വ്യക്തിയായി പതിയെ പതിയെ നിക്ക് മാറുകയായിരുന്നു. തന്റെ കുറവുകള്‍ മൂലം തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയില്ല എന്നു ചിന്തിക്കുന്നതിനു പകരം ശാരീരികമായി യാതൊരു വൈകല്യവുമില്ലാത്തവര്‍ ചെയ്യുന്നതെല്ലാം തനിക്കും ചെയ്യാന്‍ കഴിയുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കണം എന്നു നിക്ക് കരുതി.
ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇതിനിടെ ബിരുദവും പാസായി.
ജീവിതത്തെ നിഷേധാത്മകചിന്തകളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നു മാറ്റി പ്രസാദാത്മക ചിന്തകളിലേക്കു ക്രിയാത്മകമായി തിരിച്ചുവിട്ടുകൊണ്ട് നിക്ക് ശ്രമം തുടങ്ങി.

അങ്ങനെ ഇരുകൈകളും ഇരു കാലുകളുമില്ലാത്ത നിക്ക് ആരെയും ആശ്രയിക്കാതെ സ്വയം ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.

നീന്താനും സ്വയം വസ്ത്രം മാറാനും ടിവി പ്രവര്‍ത്തിപ്പിക്കാനും പാചകം ചെയ്യാനും മൊബൈല്‍ ഫോണില്‍ സംസാരിക്കുവാനുമെല്ലാം അങ്ങനെ പതിയെ പതിയെ ശീലിച്ചു.
വീടിനകത്തുകൂടി സഞ്ചരിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച വണ്ടിയും തുണയായി.
ജീവിതത്തില്‍ ഇല്ല എന്നതിന്റെ പേരില്‍ നിരാശയും നിഷേധാത്മക ചിന്തകളുമായി നിഷ്‌ക്രിയമായി ഒരിടത്ത് മറയ്ക്കപ്പെടുമായിരുന്ന നിക്കിന്റെ ജീവിതം സാവധാനത്തില്‍ പരിചയക്കാര്‍ക്കെല്ലാം വലിയ പ്രചോദനത്തിന് കാരണമായി. അതോടെ പത്തൊന്‍പതാം വയസില്‍ പ്രചോദനാത്മക പ്രഭാഷകനായി സ്വന്തം ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്തു കൊണ്ട് നിക്ക് അനേകരുടെ മനസില്‍ പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും അഗ്നി ജ്വലിപ്പിച്ചു തുടങ്ങി.

ഇപ്പോള്‍ 28 വയസുള്ള ഈ ചെറുപ്പക്കാരന്‍ ഇന്ന് പുഞ്ചിരിക്കുന്ന മുഖവുമായി ലക്ഷക്കണക്കിന് ആളുകളിലാണ് സ്വാധീനം ചെലുത്തുന്നത്. ഇതിനകം ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നേരിട്ടു ചെന്ന് പ്രചോദനാത്മക പ്രഭാഷണം നടത്തിയിട്ടുള്ള നിക്കിന് ഈ യാത്രകള്‍ സമ്മാനിച്ചത് പുതിയ അനുഭവങ്ങളും കാഴ്ചകളും കൂടിയായിരുന്നു. അതാണ് പിന്നീട് ലൈഫ് വിത്ഔട്ട് ലിംബ്‌സ് എന്ന സംഘടന സ്ഥാപിക്കുന്നതിലേക്ക് നിക്കിനെ നയിച്ചത്. അര്‍ഹരായ ആളുകളിലേക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സന്നദ്ധസംഘടയുടെ പ്രസിഡന്റുകൂടിയാണ് നിക്ക് ഇപ്പോള്‍.
ഓസ്‌ട്രേലിയായിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ യുഎസിലെ കലിഫോര്‍ണിയായില്‍ താമസിക്കുന്ന നിക്കിന് ആ മാറ്റവും ജീവിതത്തിലുണ്ടായത് യാദൃശ്ചികം.

പ്രചോദനാത്മക രംഗത്ത് ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണമായി അനേകരുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ച ജീവിതത്തിലൂടെ രാജ്യങ്ങള്‍ തോറും സഞ്ചരിച്ച നിക്കിന്റെ സാന്നിധ്യം യുഎസില്‍ ആവശ്യമായ സന്ദര്‍ഭത്തിലായിരുന്നു താമസം മാറ്റിയത്.

ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ അവയെ അതിജീവിക്കാനും വിജയം വരിക്കാനും കഴിഞ്ഞത് ദൈവത്തിലുള്ള അടിയുറച്ചവിശ്വാസം കൊണ്ടാണെന്ന് നിക്ക് സാക്ഷ്യപ്പെടുത്തുന്നു.

അനേകരുടെ മനസിന് ആശ്വാസമേകാന്‍, നിരാശയില്‍ നിപതിച്ച അനേകര്‍ക്ക് പ്രത്യാശ പകരാന്‍ ദൈവം തന്നെ ഉപകരണമാക്കി മാറ്റുകയായിരുന്നുവെന്ന് തന്റെ തകര്‍ച്ചകളെ ഉയര്‍ച്ചകളാക്കി മാറ്റിജീവിതത്തിലൂടെ കാണിച്ചു കൊടുത്ത നിക്കിന്റെ വാക്കുകള്‍.

ജീവിതത്തില്‍ പ്രതിസന്ധികളും തകര്‍ച്ചകളുമുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുന്നത് അവയോടുള്ള നമ്മുടെ മനോഭാവവും ദൈവത്തിലുള്ള വിശ്വാസവും വഴിയാണ്. ജഠവിതത്തില്‍ എല്ലാം തകര്‍ന്നെന്ന് ചിന്തിക്കുന്ന അവസ്ഥകളുണ്ട്. ഇനി ഒരു കച്ചിത്തുരുമ്പു പോലും രക്ഷിക്കാനില്ലെന്ന് ചിന്തിക്കുന്ന അവസ്ഥകള്‍. അവിടെ പോലും ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ദൃഢമാണെങ്കില്‍ പുതിയൊരു വഴിതുറക്കുമെന്ന് നാം പ്രതീക്ഷിക്കും. അല്ലെങ്കില്‍, നമ്മുടെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയും തകര്‍ച്ചകളും ദൈവം നമ്മെ ദ്രോഹിക്കാന്‍ കൊണ്ടുവന്നു തരില്ലെന്ന് പിന്നീടുള്ള ജീവിതത്തിലൂടെ നമുക്ക് മനസിലാകും.

നിക്കിന്റെ ജീവിതത്തില്‍ നിരാശയില്‍ തന്റെ ജീവിതത്തെ പഴി പറഞ്ഞു കൊണ്ട് നിഷ്‌ക്രിയനായിരുന്നിരുന്നുവെങ്കില്‍ നിക്കിന് ഒരിക്കലും രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഒരു ആത്മീയ, പ്രചോദനാത്മക പ്രഭാഷകനായി മാറി അനേകലക്ഷങ്ങളെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയുമായിരുന്നില്ല.
നമ്മുടെ ജീവിതത്തിലും തകര്‍ച്ചകളും കുറവുകളുമെല്ലാം പലപ്പോഴും സംഭവിക്കാറില്ലേ. അപ്പോഴൊക്കെ എന്തുതരം മനോഭാവമായിരിക്കും നാം വച്ചുപുലര്‍ത്തുന്നത്. എനിക്കിതു വന്നല്ലോ. എല്ലാം തകര്‍ന്നല്ലോ. ഇനി ഇതില്‍ നിന്നു ഞാനെങ്ങനെ കരകയറും. എന്നെല്ലാമുള്ള ചിന്തകളാണ് നമ്മുടെ മനസില്‍ സ്ഥാനം പിടിക്കുന്നതെങ്കില്‍ ഓര്‍ക്കുക, അവിടെ വിധിക്ക് നാം കീഴടങ്ങിക്കഴിഞ്ഞു.
വിധിയെ തോല്‍പിക്കണമെങ്കില്‍ നാം അവയ്ക്കു മീതെ പ്രവര്‍ത്തിക്കാന്‍ തയാറാവണം.

താല്‍ക്കാലികമായ നഷ്ടങ്ങളെ ഓര്‍ത്ത് മനസിനെ നിരാശയിലേക്ക് തള്ളിവിടാതെ, വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ ചെറിയ നഷ്ടങ്ങള്‍ പോലും നമ്മുടെ നേട്ടങ്ങള്‍ക്കു കരുത്തുപകരാന്‍ സൃഷ്ടിക്കപ്പെട്ടവയാണെന്നു മനസിലാകും. അതിനാല്‍ നമുക്ക് ഒരു ജീവിതമേയുള്ളൂ. ഈ ജീവിതത്തില്‍ കുറവുകളിലേക്കും തകര്‍ച്ചകളിലേക്കും നഷ്ടങ്ങളിലേക്കും നോക്കിയിരിക്കാതെ അവയ്ക്കപ്പുറം പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക. അവിടെ ജീവിതത്തിന്റെ നിയന്ത്രണം നിങ്ങളുടെ കൈയില്‍ വരും. അതോടെ തകര്‍ച്ചകളില്‍ നിന്ന് ഉയര്‍ച്ചകളിലേക്ക്, നഷ്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് കുറവുകളില്‍ നിന്ന് അനുഗ്രഹങ്ങളിലേക്ക് നിങ്ങളുടെ ജീവിതം മാറുന്നതിന് നിങ്ങള്‍ സ്വയം സാക്ഷ്യം വഹിക്കും. ചിന്തിക്കുക, മനസില്‍ വിശ്വാസം ഉറപ്പിക്കുക-നിങ്ങള്‍ കാണുന്ന ലക്ഷ്യത്തെ നിങ്ങള്‍ കീഴടക്കും. ഈ ലോകത്തിന്റെ തന്നെ സൃഷ്ടാവായ ദൈവത്തിന്റെ പരിപാല നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന അവിടുന്ന് നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയില്ലേ. തീര്‍ച്ചയായും പ്രവര്‍ത്തിക്കും.

ഒരു ചെറിയ മെഴുകുതിരി ഊതിയാല്‍ പെട്ടെന്ന് അതു കെട്ടുപോകും. അതേസമയം, ഒരു കാട്ടുതീയില്‍ കാറ്റടിച്ചാല്‍ സംഭവിക്കുന്നതോടെ അത് അതിശക്തമായി കത്തും. നമ്മുടെ ജീവിതത്തിലും നമ്മുടെ ദൈവവിശ്വാസം കത്തുന്ന മെഴുകുതിരി പോലെയാണെങ്കില്‍ ചെറിയ കാറ്റില്‍ അത് കെട്ടുപോകും. അതേസമയം കാട്ടുതീപോലെ കരുത്താര്‍ജിച്ച വിശ്വാസമാണെങ്കില്‍ എത്രശക്തമായ പ്രതിസന്ധികളിലും തടസ്സങ്ങളിലും ആ വിശ്വാസം ആളിക്കത്തുക തന്നെ ചെയ്യും. അത് എന്നും നമ്മില്‍ പ്രത്യാശ നിറയ്ക്കും.  അതിനാല്‍ വിശ്വാസത്തോടെ പ്രവര്‍ത്തിക്കുക, ജീവിതത്തില്‍ നിന്നു നിരാശയെ അകറ്റുക, കുറവുകളിലേക്ക് നോക്കാതെ കഴിവുകളുടെ മാറ്റുകൂട്ടാന്‍ ശ്രദ്ധിക്കുക, എനിക്കെന്തു ചെയ്യാന്‍ കഴിയില്ല എന്നു ചിന്തിക്കുന്നതിനു പകരം എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക. വിജയം നിങ്ങളെത്തേടിയെത്തും.

 വിജയാശംസകള്‍.


 സെബിന്‍ എസ്. കൊട്ടാരം

No comments:

Post a Comment