Monday 14 November 2011

വിനയത്തിലാണു വിജയം


സര്‍ക്കാര്‍ വാഹനം കഴുകിവൃത്തിയാക്കുന്ന മുഖ്യമന്ത്രിയെ സങ്കല്‍പിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രിയെ എന്നല്ല, ഏറ്റവും താഴേത്തലത്തിലുള്ള ഉദ്യോഗസ്ഥനെ പോലും അതിനു കിട്ടില്ല. എന്നാല്‍ ഖലീഫ ഉമറിന്റെ കഥ കേള്‍ക്കുക.

അറേബ്യന്‍ മരുഭൂമിയിലെ അത്യുഷ്ണകാലം. ശരീരം ഉരുകിയൊലിക്കുന്ന ചൂട്. ഇറാഖില്‍നിന്ന് ഒരു സംഘം ഖലീഫ ഉമറിനെ കാണാനെത്തി. ഖലീഫ അപ്പോള്‍ പൊതുമുതലില്‍പെട്ട ഒരു ഒട്ടകത്തെ കുളിപ്പിക്കുകയായിരുന്നു. മരുഭൂമിയുടെ കപ്പല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകം അക്കാലത്തെ പ്രധാന വാഹനമാണ്. ആഗതരിലൊരാള്‍ ചോദിച്ചു: 'അമീറുല്‍ മുഅ്മിനീന്‍ (ജന നായകനേ..), ഈ ജോലി അങ്ങ് ചെയ്യേണ്ടതുണ്ടോ? മറ്റാരെയെങ്കിലും ഏല്‍പിക്കാവുന്നതല്ലേ?'. ഖലീഫയുടെ മറുപടി: 'ഈ ജോലിക്ക് എന്നേക്കാള്‍ അര്‍ഹതയും കടപ്പാടും മറ്റാര്‍ക്കാണുള്ളത്? ഈ ഒട്ടകം പൊതുസ്വത്താണ്. വിധവയ്ക്കും അഗതിക്കും അനാഥയ്ക്കും അവകാശപ്പെട്ടത്. ഞാന്‍ വിശ്വാസികളുടെ നേതാവായിരിക്കാം; പക്ഷേ, അല്ലാഹുവിന്റെ ദാസനാണെന്ന കാര്യം മറക്കരുതല്ലോ'.

എത്ര ഉയരത്തിലെത്തുമ്പോഴും വിനയം കൈവിടാതിരിക്കാനുള്ള വിവേകമാണു വിശ്വാസിക്കു വേണ്ടത്.

അല്ലാഹു പറയുന്നു: 'പരമ കാരുണികന്റെ അടിമകള്‍ ഭൂമിയിലൂടെ വിനയത്തോടെ സഞ്ചരിക്കുന്നവരാണ്. മൂഢന്മാര്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ പറയും, സലാം'.

മറ്റൊരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെ: 'നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് വിനയത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'.

No comments:

Post a Comment