Monday, 14 November 2011

ഭക്തരുടെ സമ്മാനദാന നാള്‍

എം. സലാഹുദ്ദീന്‍ മദനി

തീവ്ര വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാസത്തിനു സമാപ്തി കുറിച്ച് ഇതാ, ഈദുല്‍ ഫിത്ര്‍, അഥവാ വ്രതസമാപനാഘോഷം. റമസാനില്‍ ആര്‍ജിച്ച ചൈതന്യം തുടര്‍ജീവിതത്തില്‍ കെടാതെ സൂക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും ഈ ധന്യനിമിഷങ്ങള്‍ കനിഞ്ഞുനല്‍കിയ പടച്ചതമ്പുരാന്റെ അനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുകയും അവന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ദിനമാണിത്. ഈദ് ഗാഹുകളില്‍ നിന്നും പള്ളികളില്‍നിന്നും വിശ്വാസികള്‍ വിളംബരം ചെയ്യുന്ന 'അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്' തക്ബീര്‍ ധ്വനികളുയര്‍ത്തുന്ന സന്ദേശമതാണ്. വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങള്‍ വിശകലനം ചെയ്യുന്ന വചനത്തിന്റെ അവസാനഭാഗത്തു 'നിങ്ങള്‍ക്കു നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാനും വേണ്ടിയത്രേ ഇങ്ങനെ കല്‍പ്പിച്ചിട്ടുള്ളത്' (2:185) എന്നു പറഞ്ഞത് ഇതിലേക്കു വിരല്‍ചൂണ്ടുന്നു.

മുസ്‌ലിംകള്‍ക്കു രണ്ട് ആഘോഷങ്ങളാണുള്ളത്. രണ്ടും മഹത്തായ ത്യാഗങ്ങള്‍ക്കു പിന്നാലെയാണ്. അന്നപാനീയങ്ങള്‍ വെടിഞ്ഞും ശരീരേച്ഛകളെ കടിഞ്ഞാണിട്ടും ഒരുമാസം പകല്‍സമയം വ്രതമനുഷ്ഠിച്ചും രാത്രി ഉറക്കമിളച്ചു ദീര്‍ഘമായി നമസ്‌കരിച്ചും പ്രാര്‍ഥനകളില്‍ കഴിച്ചുകൂട്ടുക എന്ന മഹാത്യാഗത്തിനു പിന്നാലെയാണ് ഈദുല്‍ ഫിത്ര്‍. ത്യാഗത്തിന്റെ ആള്‍രൂപമായിരുന്ന ഇബ്രാഹിം നബി (അ) യുടെയും കുടുംബത്തിന്റെയും നിസ്തുല മാതൃക അയവിറക്കിക്കൊണ്ടാണ് ഈദുല്‍ അസ്ഹാ (ബലിപെരുനാള്‍).

സര്‍വ നന്മകളും സ്വാംശീകരിച്ചും തിന്മകളെല്ലാം വര്‍ജിച്ചും സംസ്‌കൃതവും സംശുദ്ധവുമായ ജീവിതത്തിനുള്ള പ്രാപ്തിയാര്‍ജിക്കാനാണു വ്രതം മനുഷ്യനെ സജ്ജമാക്കുന്നത്. കോപം, സ്വാര്‍ഥത, എടുത്തുചാട്ടം, അക്ഷമ തുടങ്ങിയവ ജീവിതത്തില്‍ ശാന്തിയും സമാധാനവും തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

എല്ലാറ്റിനെയും അടക്കിഭരിക്കുന്ന മനുഷ്യന്‍ പരാജയപ്പെടുന്നതു തന്നിഷ്ടങ്ങള്‍ക്കു മുന്നിലാണ്; തന്നെ തനിക്കു നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴാണ്. വാക്കിലും പ്രവൃത്തിയിലുമെല്ലാം സ്വയം നിയന്ത്രിച്ചുനിര്‍ത്താനും കോപം അടക്കി ക്ഷമ പരിശീലിപ്പിക്കാനും അതിലൂടെ മനുഷ്യനെ നല്ലവനും ഉപകാരിയുമാക്കി മാറ്റാനുമുള്ള അതിശ്രമകരമായ പരിശീലനമാണു വ്രതാനുഷ്ഠാനം. അതു ജീവിതത്തിലുടനീളം നിലനിര്‍ത്തി ഉത്തമ സമൂഹസൃഷ്ടിയില്‍ തന്റേതായ പങ്കു നിറവേറ്റുമെന്ന നിശ്ചയദാര്‍ഢ്യമാണ് ഈദുല്‍ ഫിത്ര്‍ ആവശ്യപ്പെടുന്നത്.

സ്ഫുടം ചെയ്ത ശുദ്ധമനസ്സുമായി ദൈവസന്നിധിയില്‍ തിരിച്ചെത്തി സ്വര്‍ഗീയജീവിതം നേടുകയും ദൈവസംതൃപ്തി കരഗതമാകുകയുമാണു റമസാന്‍ നല്‍കുന്ന നേട്ടം. ഒപ്പം സഹജീവികളുടെ കണ്ണീരൊപ്പാനും സഹാനുഭൂതി വളര്‍ത്തിയെടുക്കാനും മനസ്സു വിശാലമാക്കാനും കൈകള്‍ അത്യുദാരങ്ങളാക്കാനും സാധിക്കുന്നു. ദാനധര്‍മാദികളെയും സകാത്തിനെയും ഈ കോണിലൂടെയാണു വീക്ഷിക്കേണ്ടത്.

പുതുവസ്ത്രങ്ങളണിഞ്ഞ് അത്യാഹ്ലാദപൂര്‍വം പെരുനാള്‍ നമസ്‌കാരത്തിനു പുറപ്പെടുംമുന്‍പ് 'ഫിത്ര്‍ സകാത്ത്' വീട്ടിയിരിക്കണം. ആഘോഷവേളയിലും സഹജീവിയോടുള്ള ബാധ്യത വിസ്മരിക്കാന്‍ പാടില്ല എന്ന പാഠമാണിത്. വ്രതം സമാപിപ്പിക്കുന്നതിനുള്ള സകാത്ത് എന്നാണതിന്റെ വിവക്ഷ തന്നെ. 'നോമ്പുകാരന്റെ നോമ്പില്‍ വന്നുഭവിച്ചേക്കാവുന്ന വീഴ്ചകളും പോരായ്മകളും പരിഹരിച്ചു നോമ്പിനെ യഥാര്‍ഥ നോമ്പാക്കി പരിഗണിക്കാനും പാവപ്പെട്ടവര്‍ക്കു ഭക്ഷണമായിട്ടുമാണു ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കി നിശ്ചയിച്ചിരിക്കുന്നത്' എന്നാണു പ്രവാചക തിരുമേനി (സ) പറഞ്ഞിരിക്കുന്നത്. അതതു നാട്ടിലെ പ്രധാനആഹാരമാണു നല്‍കേണ്ടത്.

റമസാന്‍ മാസത്തെ ധന്യമാക്കിയവര്‍ക്കുള്ള 'സമ്മാനദാന നാളാ'യിട്ടാണ് ഈദുല്‍ ഫിത്ര്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രവാചക തിരുമേനി (സ) പറയുന്നു: 'ഈദുല്‍ ഫിത്ര്‍ സുദിനമായാല്‍ ഈദ് ഗാഹുകളിലേക്കുള്ള വഴികളുടെ കവാടങ്ങളില്‍ മലക്കുകള്‍ (മാലാഖമാര്‍) നിലകൊള്ളുകയും ഇങ്ങനെ വിളംബരം നടത്തുകയും ചെയ്യും: 'മുസ്‌ലിം സമൂഹമേ! അത്യുദാരനായ നാഥനിലേക്കു നിങ്ങള്‍ കടന്നുവരുവിന്‍! അവന്‍ നന്മകള്‍ വര്‍ഷിക്കുകയും അവാച്യമായ പ്രതിഫലം നല്‍കുകയും ചെയ്യുന്നു. പകല്‍ വ്രതമനുഷ്ഠിക്കാനും രാത്രികാലങ്ങളില്‍ നിന്നു നമസ്‌കരിക്കാനും കല്‍പ്പിക്കപ്പെട്ടപ്പോള്‍ നിങ്ങളതു ചെയ്തു. നിങ്ങളുടെ നാഥനെ നിങ്ങള്‍ അനുസരിച്ചിരിക്കുന്നു. നിങ്ങളുടെ സമ്മാനങ്ങള്‍ സ്വീകരിച്ചുകൊള്ളുക. പെരുനാള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ വിളിച്ചു പറയപ്പെടും: 'അറിയുക' നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കു പൊറുത്തു തന്നിരിക്കുന്നു. മാര്‍ഗദര്‍ശനം ലഭിച്ചവരായി നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോവുക. ഇതു സമ്മാനദാന നാളാകുന്നു. ഈ ദിവസത്തിനു പേരു നല്‍കപ്പെട്ടിരിക്കുന്നതു സമ്മാനദാന നാള്‍ എന്നാകുന്നു.' (ത്വബ്‌റാനി).

മനുഷ്യന്‍ മനുഷ്യനുവേണ്ടി എന്ന വിശാല മാനവികതാബോധമാണു വ്രതാനുഷ്ഠാനത്തിലൂടെ നേടാനാവുക. വര്‍ഗ-വര്‍ണ-വംശ-ലിംഗ-ദേശ-ഭാഷാ പരിഗണനകള്‍ക്കതീതമായി സര്‍വരും സമന്മാരാണെന്നുള്ള മഹിതമായ സന്ദേശമാണു മാനവികതയ്ക്കു മുന്നില്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. ദൈവത്തിന്റെ ഏകത്വവും (112:1) മനുഷ്യന്റെ ഏകത്വവും (21:92) ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്ത ആശയങ്ങളാണ്. 'ഒരേ ഒരു ദൈവം, ഒരൊറ്റ ജനത' എന്ന കാഴ്ചപ്പാടാണത്. 'ഹേ മനുഷ്യരേ! നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണു സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയതു പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ദൈവത്തിന്റെയടുക്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ ധര്‍മനിഷ്ഠ പാലിച്ചവനാണ്' (49:13) എന്ന ഖുര്‍ആന്റെ പ്രഖ്യാപനവും 'നിങ്ങളുടെ നാഥന്‍ ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്, നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും. വെളുത്തവനു കറുത്തവനെക്കാളോ അറബിക്ക് അനറബിയെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല ധര്‍മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ' എന്ന പ്രവാചക തിരുമേനിയുടെ വിളംബരവും മനുഷ്യ സമത്വദര്‍ശനത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ്.

സഹജീവി സ്‌നേഹം, കാരുണ്യം, ദയ, മറ്റു ബാധ്യതാനിര്‍വഹണങ്ങള്‍ എന്നിവ ദൈവത്തോടുള്ള ബാധ്യതയായി ഇസ്‌ലാം വിലയിരുത്തുന്നു. 'ഹേ മനുഷ്യാ! ഞാന്‍ രോഗിയായി കിടന്നിട്ടു നീ എന്നെ സന്ദര്‍ശിച്ചില്ലല്ലോ! ഞാന്‍ ഭക്ഷണമാവശ്യപ്പെട്ടിട്ടു നീ നല്‍കിയില്ലല്ലോ! ്യൂഞാന്‍ വെള്ളം ആവശ്യപ്പെട്ടിട്ടു നീ തന്നില്ലല്ലോ' എന്നിങ്ങനെ മരണാനന്തര ജീവിതത്തില്‍ പടച്ചതമ്പുരാന്‍ ചോദിക്കും. മനുഷ്യന്റെ മറുപടി ഇങ്ങനെ: 'നീ സര്‍വലോക പരിപാലകനല്ലേ? നിന്റെ രോഗം സന്ദര്‍ശിക്കാനോ നിന്നെ ഊട്ടാനോ വെള്ളം നല്‍കാനോ എനിക്കെങ്ങനെ കഴിയും?'.

അപ്പോള്‍ അല്ലാഹു പറയും: 'ഇന്ന വ്യക്തി രോഗിയായിക്കിടന്നിട്ടു നീ സന്ദര്‍ശിച്ചില്ലല്ലോ, സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ എന്നെ നിനക്ക് അവിടെ കാണാമായിരുന്നു... ഇന്നയാള്‍ക്കു ഭക്ഷണം നല്‍കിയിരുന്നെങ്കില്‍... വെള്ളം നല്‍കിയിരുന്നെങ്കില്‍....'

മാനവസ്‌നേഹത്തിന്റെ ഇത്തരം ചിന്തകള്‍ ഈദ് ദിനത്തില്‍ പൂക്കളായി വിടരട്ടെ! ഇത്തരം സുകൃതങ്ങള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്താനും സമൂഹനന്മയ്ക്കായി സര്‍വാത്മനാ യത്‌നിക്കാനും സര്‍വശക്തന്‍ തുണയ്ക്കട്ടെ!No comments:

Post a Comment