Monday 14 November 2011

നന്മയും ഒരു ദാനം


ഒരിക്കല്‍ പ്രശസ്തമായ ഒരു ദേവാലയം സന്ദര്‍ശിക്കാന്‍ ഒരു പണ്ഡിതന്‍ എത്തി. നാട്ടിലെ ധനികരും പ്രമാണിമാരുമെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു. ദേവാലയം ചുറ്റിക്കാണുമ്പോള്‍ പ്രമാണിമാര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു - 'അതു ഞാന്‍ കൊടുത്ത ഘടികാരമാണ്'. 'അതു ഞാന്‍ സംഭാവന ചെയ്ത തൂക്കുവിളക്കാണ്'. 'ഇത് എന്റെ സംഭാവനയാണ്'... എല്ലാം കേട്ട ശേഷം പണ്ഡിതന്‍ അവരോടു പറഞ്ഞു: 'ഇനിയെങ്കിലും അതൊക്കെ ദൈവത്തിനു വിട്ടുകൊടുത്തേക്കൂ...'


ദാനം ചെയ്താല്‍ അതു വിളിച്ചു പറയുന്നതിനെ പ്രവാചകന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. വലതുകൈ നല്‍കുന്നത് ഇടതുകൈ അറിയരുതെന്നാണു നിര്‍ദേശം. അല്ലാഹു പറയുന്നു: 'ജനങ്ങളെ കാണിക്കാന്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ആളുകള്‍ക്ക് ചെറിയ ഉപകാരങ്ങള്‍ പോലും തടയുകയും ചെയ്യുന്നവനാണു നാശം'. നല്‍കിയ ദാനം തിരിച്ചുവാങ്ങുന്നത് ഛര്‍ദിച്ചതു വീണ്ടും ഭക്ഷിക്കുന്നപോലെയാണെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

ദാനത്തിന്റെ മഹത്വം ധനികര്‍ക്കു മാത്രമല്ല. 'തന്റെ അധ്വാനം ദാനം ചെയ്യുന്ന ദരിദ്രനായ സത്യവിശ്വാസിയാണ് ഏറ്റവും ഉത്തമന്‍' എന്നാണു പ്രവാചക വചനം. പണം നല്‍കാന്‍ കഴിവില്ലാത്തവന്‍ സ്വന്തം കരങ്ങള്‍കൊണ്ട് അധ്വാനിച്ച് സ്വയം ഉപയോഗിക്കുകയും മറ്റുള്ളര്‍ക്കു ദാനം ചെയ്യുകയും വേണമെന്നാണ് പ്രവാചകനിര്‍ദേശം. അനുചരര്‍ ചോദിച്ചു: 'അതിനു കഴിവില്ലെങ്കിലോ?'. പ്രവാചകന്‍ പറഞ്ഞു: 'അവശനെ സഹായിക്കണം'. അനുചരര്‍: 'അതും സാധിക്കാതെ വന്നാലോ?'. പ്രവാചകന്‍: 'അയാള്‍ നന്മ ചെയ്യട്ടെ. തിന്മയില്‍നിന്നു വിട്ടുനില്‍ക്കട്ടെ. അതാണ് അയാളുടെ ദാനം'. 

No comments:

Post a Comment