Sunday, 13 November 2011

പ്രമേഹം: ജീവിതശൈലിതന്നെ കാരണം

പ്രമേഹം: ജീവിതശൈലിതന്നെ കാരണം
എഴുപതുവയസ്സുള്ള മാതാപിതാക്കള്‍ പ്രമേഹരോഗിയായ നാല്‍പതുകാരനായ മകനെയുംകൂട്ടി ചികിത്സക്കെത്തുന്ന പതിവുകാഴ്ചയാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഞങ്ങള്‍ക്കാര്‍ക്കും ഇല്ലാത്ത രോഗമാണ് മകനുണ്ടായതെന്ന ആകുലതകളാണ് അവര്‍ ഏറെ സമയം ഡോക്ടറോട് പങ്കുവെക്കുന്നത്. ഇതില്‍നിന്നുതന്നെ രോഗകാരണം വ്യക്തമാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം. വൃദ്ധരായ മാതാപിതാക്കള്‍ പിന്തുടര്‍ന്ന ജീവിതചര്യയല്ല മക്കള്‍ ശീലിച്ചത്. അല്ളെങ്കില്‍ ശീലിപ്പിച്ചത്. അതിനാല്‍, വെറുമൊരു പാരമ്പര്യ രോഗമല്ല പ്രമേഹം. രോഗമെന്തെന്നും അപകടമെന്തെന്നും വ്യക്തമായും പ്രമേഹരോഗികള്‍ക്കറിയാം.

ഡോക്ടറുടെ കുറിപ്പടികൊണ്ടുമാത്രം രോഗം മാറ്റാനാവില്ല. രോഗിയുടെ ശീലങ്ങള്‍ മാറ്റിയേ തീരൂ.

നവംബര്‍ 14 ലോക പ്രമേഹദിനമാണ്. ‘പ്രമേഹ ബോധവത്കരണവും പ്രതിരോധവു’മെന്ന തലക്കെട്ടിലാണ് 2009 മുതല്‍ 2013വരെ ഈ ദിനമാചരിക്കുന്നത്. വിവിധതരം ബോധവത്കരണ പരിപാടികളാണ് ഈ കാലയളവില്‍ നടത്തുന്നത്. ആശുപത്രികളില്‍ നീലനിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കും. സൈക്കിള്‍ റാലി, കായിക മത്സരങ്ങള്‍, വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തും.
എന്താണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിയെന്ന് ലളിതമായി പറയാം. എന്നാല്‍, ശരീരത്തില്‍ തലമുതല്‍ പാദംവരെ എല്ലാ ഭാഗത്തെയും ബാധിക്കുന്നതാണ് ഈ രോഗം. ഹൃദയം, രക്തക്കുഴലുകള്‍, തലച്ചോറ്, ഞരമ്പ്, കണ്ണ്, വൃക്കകള്‍ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്താന്‍ ഈ രോഗത്തിന് സാധിക്കും. ഇന്ത്യയില്‍ ചുരുങ്ങിയത് 70ലക്ഷം പേരുടെയെങ്കിലും  കണ്ണിന്‍െറ പ്രവര്‍ത്തനത്തെ പ്രമേഹം ബാധിച്ചെന്നാണ് കണക്ക്. വൃക്കയെ ബാധിച്ചവര്‍ എട്ടു ലക്ഷമാണ്. പ്രമേഹജന്യ ഞരമ്പുരോഗം ബാധിച്ചവര്‍ ഒരുകോടിയിലേറെയാണ്. പ്രമേഹം കൃത്യമായി ചികിത്സിക്കാത്തതുകാരണം 85ലക്ഷം പേര്‍ക്ക് ഹൃദയത്തകരാര്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഇന്ത്യയിലാണ് പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍െറ (ഐ.ഡി.എഫ്) കണക്കു പ്രകാരം 2007ല്‍ നാലുകോടി പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. 2025ല്‍ ഇത് ഏഴുകോടിയാവും. അതായത്, ലോകത്തെ അഞ്ചിലൊന്ന് പ്രമേഹരോഗികള്‍ ഇന്ത്യയിലാണെന്ന മുന്നറിയിപ്പാണ് ഐ.ഡി.എഫ് നല്‍കുന്നത്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ രോഗം കൂടുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍െറ (ഐ.സി. എം.ആര്‍) പഠനത്തില്‍ കാണിക്കുന്നത് രാജ്യത്ത് നഗരങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണം 12മുതല്‍ 19  ശതമാനം വരെ വര്‍ധിച്ചുവെന്നാണ്. 2000ത്തിലെ കണക്കുപ്രകാരമാണിത്. 1970കളില്‍ ഇത് 2.3 ശതമാനമായിരുന്നു. ഗ്രാമങ്ങളില്‍ എഴുപതുകളില്‍ ഒരുശതമാനം പ്രമേഹരോഗികള്‍ ഉണ്ടായിരുന്നിടത്ത് 2000ല്‍ നാലുമുതല്‍ 13വരെയായി. കേരളത്തില്‍ 2000ത്തിലെ കണക്കുപ്രകാരം 12.5 ശതമാനം പ്രമേഹരോഗികളാണ് ഉള്ളത്. 2006ല്‍ ഇത് 19.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് മറ്റൊരു കണക്ക്. കേരളത്തില്‍ നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പ്രമേഹരോഗികള്‍ കൂടുതലെന്നാണ് മറ്റൊരു കാര്യം.
നമുക്ക് ആവശ്യമുള്ളതിനെക്കാള്‍ കലോറി ശരീരത്തിലെത്തുന്നുവെന്നാണ് എല്ലാറ്റിനും കാരണം. അമിതാഹാരം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് പ്രമേഹത്തിന്‍െറ കാരണങ്ങള്‍. ഭക്ഷണത്തിന്‍െറ അളവ് കൂടുതലാവുമ്പോള്‍ അതിനനുസരിച്ച് വ്യായാമം ഉണ്ടാവുന്നില്ല.  ഭക്ഷണത്തിന്‍െറ അളവ് ക്രമീകരിക്കുകയാണ് പ്രതിവിധി. നാഗരികതയുടെ അടയാളമായ ഫാസ്റ്റ് ഫുഡ് സംസ്കാരം ഗ്രാമങ്ങളിലുമെത്തി. ഫാഷന്‍ ഭ്രമമായാണ് ചിലരെങ്കിലും ഇത്തരം ഭക്ഷണരീതിയെ പിന്തുടരുന്നത്. പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെയുള്ള ഈ പോക്ക് സ്വയം നിയന്ത്രിക്കുകയേ പരിഹാരമുള്ളൂ.
മക്കള്‍ക്ക് തൂക്കമില്ളെന്ന് പറഞ്ഞ് ഡോക്ടറെ സമീപിക്കുന്നവരില്‍ പലരും ആവശ്യത്തിനുള്ള തൂക്കം കുട്ടിക്കുണ്ട് എന്ന് തിരിച്ചറിയുന്നില്ല. മകനെ ‘വലുതാ’ക്കാന്‍ മൂന്നാംമാസം മുതല്‍ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. കിട്ടാവുന്നതെല്ലാം കഴിച്ച് വലുതാവുന്ന കുട്ടി പിന്നീട് ഫാസ്റ്റ് ഫുഡ് കടകളിലെ നിത്യസന്ദര്‍ശകനാവും.  കമ്പ്യൂട്ടറിലോ ടി.വിയുടെ മുന്നിലോ ആവും ഒഴിവുസമയങ്ങള്‍ ചെലവഴിക്കുക. ഇങ്ങനെ ജീവിതചര്യകള്‍ മാറുമ്പോള്‍ എത്തിപ്പെടുന്നത് രോഗാവസ്ഥയിലും. അമിതാഹാരം കുറച്ചും കൊഴുപ്പ്, എണ്ണ മുതലായവ ഒഴിവാക്കിയും മാംസ്യാഹാരങ്ങള്‍ക്കുപകരം പച്ചക്കറികള്‍ക്ക് ഊന്നല്‍ നല്‍കിയും പ്രമേഹത്തെ തടയാം. ഒപ്പം, ജീവന്‍െറ നിലനില്‍പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിയുകയും വേണം.

(കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റാണ് ലേഖകന്‍)

ഡോ. ജോ ജോര്‍ജ്


Published on Mon, 11/14/2011 - 00:00 Madhyamam

No comments:

Post a Comment